നോവലിസ്റ്റ്, സംവിധായകൻ, ചലച്ചിത്ര നിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഔദ്യോഗിക നാമം സാബു തോമസ് എന്നാണ്. 1960 സെപ്റ്റംബർ 20ന് ഫോർട്ട് കൊച്ചിയിൽ ജനിച്ചു. ആലുവ യു സി കോളേജിലും, തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിലുമായി പ്രാഥമികവിദ്യാഭ്യാസം. കലയുടെ സൗന്ദര്യശാസ്ത്രം, ചലച്ചിത്ര കലയുടെ ദൃശ്യഭാഷ എന്നീ വിഷയങ്ങളിൽ പ്രത്യേക പഠനങ്ങൾ നടത്തി. 1984-85 ൽ കേരളത്തിലെ ഫിലിം സൊസൈറ്റികളിലൂടെ വിതരണം ചെയ്തിരുന്ന ദൃശ്യക്ഷേത്ര എന്ന സമാന്തര ചലച്ചിത്ര പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും പബ്ലിഷറുമായിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദവും, മാസ് കമ്മ്യൂണിക്കേഷനിൽ എംബിഎ യും നേടി. ദി ഫോർമേഷൻ ഓഫ് ഫിലിം ലാംഗ്വേജ് ഓഫ് വേൾഡ് സിനിമ എന്ന പ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചു. മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളിലും, വാരികകളിലും കഥകളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1994-2002 ൽ തിരുവനന്തപുരത്ത് സൗപർണിക ടെലിവിഷൻ സ്റ്റുഡിയോ നടത്തിയിരുന്നു. വിവിധ ടിവി ചാനലുകൾ സംപ്രേഷണം ചെയ്ത 30ലേറെ കഥ-കഥേതര ഹ്രസ്വ ചിത്രങ്ങൾക്കും, ഒരു സീരിയലിനും രചനയും സംവിധാനവും നിർവഹിച്ചു. 'പഥേർ പാഞ്ജലി' തിരക്കഥയുടെ മലയാള ആവിഷ്കാരം എം.ജി യൂണിവേഴ്സിറ്റിയിൽ ബിരുദതല പാഠപുസ്തകമായിരുന്നു. വത്തിക്കാൻ പത്രമായ 'ഒസെർവത്തോരെ റൊമാനോ' യുടെ മലയാള പതിപ്പിൽ പരിഭാഷകൻ ആയിരുന്നു. കാനഡയിലെ സമീക്ഷ മാഗസിന്റെ കേരള കറസ്പോണ്ടന്റ് ആണ്. കൺകോർഡിയ ഓപൺ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസ് ആൻറ് എയ്സ്തെറ്റിക്സ് വിഭാഗത്തിന്റെ പ്രൊഫസർ ഡയറക്ടറാണ്. ഇപ്പോൾ ചലച്ചിത്ര ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്നു.
ഗ്രന്ഥങ്ങൾ: സിനിമയുടെ സൗന്ദര്യശാസ്ത്രത്തിന് ഒരു ആമുഖം1987. ചലച്ചിത്ര പാണിനി 1992. സത്യജിത്ത് റായി സിനിമ പഥേർ പാഞ്ജലിയുടെ തിരക്കഥ മലയാളം ആവിഷ്കാരം 1996. ലെമൂറിയ കഥകൾ 2005. ടൂറിസവും കേരളവും പഠനങ്ങൾ 2005. ജി അരവിന്ദന്റെ 'വാസ്തുഹാര' തിരക്കഥ പുനരാവിഷ്കാരം 2009. ഉപ്പളത്തിലെ കരിമ്പുകൾ നോവൽ 2010. സോഷ്യലിസവും, ക്രൈസ്തവതയും 2011. രൂപിമങ്ങൾ, സ്വനിമങ്ങൾ, സിനിമയുടെ രസദർശനങ്ങൾ 2012. ശിശിര നിദ്ര നോവൽ 2016. ലെമൂറിയ 2 നോവൽ 2018. ഷെവലിയർ ഹൗസിലെ കൊറോണ രാത്രി നോവൽ 2021.